2009 ഡിസംബർ 19, ശനിയാഴ്‌ച

ഇതു താന്‍ടാ പോലീസ്

കേരളാ പോലീസിന്‍റെ ഒരു പഴയ കഥയാണ്. മുന്‍പ് കേട്ടിട്ടുള്ളവര്‍ ക്ഷമിക്കുക. കാരണം ഇത് ഇക്കാലത്തും ബാധകമാണ്.
നാട്ടില്‍ ഒരു പുലിയിറങ്ങി, ഭീതി വിതച്ചതിനു ശേഷം അത് കാട്ടിലേക്ക് ഓടിപ്പോകുന്നു. എങ്ങനെയെങ്കിലും ആ പുലിയെ കീഴ്പെടുത്തണം. നാട് മുഴുവന്‍ ചര്‍ച്ചയായി. ലോകത്തിന്‍റെ പലഭാഗത്ത് നിന്നും കേഴ്വി കേട്ട വേട്ടക്കാര്‍ വന്നു. അവര്‍ കാട്ടിലേക്കിറങ്ങി. പക്ഷേ ആര്‍ക്കും പുലിയെ കണ്ടെത്താനായില്ല. പല നാട്ടില്‍ നിന്നും പൊലീസും പട്ടാളവും എത്തി. പക്ഷേ എല്ലാവരും തോറ്റ് പിന്‍മാറി. ആര്‍ക്കും പുലിയെ കണ്ടെത്താനായില്ല. അവസാനം കേരളാ പൊലീസ് രംഗത്തെത്തി. ചുണക്കുട്ടന്‍മാര്‍ കാട്ടിലേക്ക് പാഞ്ഞു. രണ്ടു മൂന്ന് ദിവസം കഴിഞ്ഞു. അവരുടെ ഒരു വിവരവും ഇല്ല. അവസാനം കേരളാ പൊലീസിലെ ആ ചുണക്കുട്ടന്‍മാരെ തിരക്കി പത്രക്കാരും മറ്റും കാട്ടിലേക്ക് പോയി. ഉള്‍ക്കാട്ടിലെത്തിയപ്പോള്‍ അവര്‍ ഞെട്ടി. ഒരു കരടിയെ മരത്തില്‍ കെട്ടിയിട്ട് ഇടിക്കുകയാണ് നമ്മുടെ ചുണക്കുട്ടന്‍മാര്‍. പുലിയാണെന്ന് സമ്മതിക്കെടാ എന്ന് ഇടക്ക് ആക്രോശിക്കുന്നുമുണ്ട്.
അല്ല ചില സമീപകാല സംഭവങ്ങള്‍ പത്രങ്ങളില്‍ വായിച്ചപ്പോള്‍ ഞാനീകഥയോര്‍ത്തു പോയതാണ്.

2009 ഡിസംബർ 12, ശനിയാഴ്‌ച

അതാണ് മലയാളി

ഒരിക്കല്‍ സര്‍ദാര്‍ജി കള്ളനോട്ടടിക്കുന്ന പണി തുടങ്ങി. പക്ഷേ കഷ്ടകാലം അച്ചടിച്ചെടുത്ത നോട്ടുകള്‍ മുഴുവന്‍ പതിനഞ്ച് രൂപായുടേതായിപ്പോയി. ഇനി എന്തു ചെയ്യും. ഇത്രയും പണം മുടക്കി ഉണ്ടാക്കിയ നോട്ടുകള്‍ മുഴുവന്‍ എങ്ങിനെ കളയും. അവസാനം ആരോ ഉപദേശിച്ചു. രാജ്യത്തിന്‍റെ തെക്കേ അറ്റത്ത് കേരളം എന്ന നാടുണ്ട് അവിടെ ഈ നോട്ടുകള്‍ ചിലവാക്കാം.
അത്രക്കങ്ങ് വിശ്വാസമായില്ലെങ്കിലും ഈ മാര്‍ഗ്ഗം ഒന്ന് പരീക്ഷിക്കാന്‍ തന്നെ സര്‍ദാര്‍ജി തീരുമാനിച്ചു. കേരളമെങ്കില്‍ കേരളം. അങ്ങിനെ സര്‍ദാര്‍ജി കേരളത്തില്‍ വന്നിറങ്ങി. ആദ്യം കണ്ട ഒരു മാടക്കടയില്‍ ചില്ലറയുണ്ടോയെന്ന് അന്വേഷിച്ചു. കടക്കാരന്‍ ചില്ലറ തരാമെന്നു സമ്മതിച്ചു. അല്‍പം പേടിയോടെയാണെങ്കിലും സര്‍ദാര്‍ജി പതിനഞ്ച് രൂപാ കടക്കാരനെ ഏല്‍പിച്ചു. കടക്കാരന്‍ ഒരു ഭാവമാറ്റവുമില്ലാതെ നോട്ട് വാങ്ങി പെട്ടിയിലിട്ടു. എന്നിട്ട് ചില്ലറ നീട്ടി. ഈ മലയാളികള്‍ എന്തൊരു മണ്ടന്‍മാര്‍ എന്ന് മനസ്സില്‍ ചിരിച്ചു കൊണ്ട് സര്‍ദാര്‍ജി ചില്ലറ വാങ്ങി. അത് തുറന്ന് നോക്കിയ സര്‍ദാര്‍ജി ഞെട്ടി. എട്ടിന്‍റെയും ഏഴിന്‍റെയും ഓരോ നോട്ടുകള്‍.
അതാണ് മലയാളി

2009 ഡിസംബർ 9, ബുധനാഴ്‌ച

തീവ്രവാദികള്‍ ഉണ്ടാകുന്നത്

വളരെ തിരക്കേറിയ ഒരു ട്രെയിനിലായിരുന്നു അവന്‍ യാത്ര ചെയ്തിരുന്നത്. കയറി അല്‍പനേരം കഴിഞ്ഞപ്പോള്‍ മൂത്ര ശങ്ക അനുഭവപ്പെട്ടതാണ്. എന്നാല്‍ കാലു കുത്താന്‍ പോലും സ്ഥലമില്ലാത്ത ട്രയിനില്‍ എന്തു ചെയ്യാന്‍. കെ എന്ന പട്ടണത്തില്‍ ഒരു സുഹൃത്തിനെ കാണുവാന്‍ പോയി മടങ്ങിയതാണ്. മുണ്ടും ഷര്‍ട്ടും ആണ് വേഷം. പട്ടണത്തില്‍ വെച്ച് പ്രശസ്തമായ അന്പലത്തില്‍ കയറി തൊഴുകയും ചെയ്തു. ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു അത്. അവിടെ നിന്നും കിട്ടിയ പ്രസാദം നെറ്റിയില്‍ തേച്ചിട്ടുമുണ്ട്.
പെട്ടെന്ന് ട്രെയിന്‍ പരിചയമില്ലാത്ത ഒരു സ്റ്റേഷനില്‍ നിര്‍ത്തി. "ക്രോസിങ്ങാണ്" ആരോ പറഞ്ഞു. അടക്കി വെച്ച മൂത്രശങ്ക അണപൊട്ടുന്നതു പോലത്തെ ഒരു പ്രതീതി ഉണ്ടായതു കൊണ്ട് അയാള്‍ പെട്ടെന്ന് പുറത്തിറങ്ങി. ട്രെയിന്‍ പോകും മുന്പ് കാര്യം സാധിക്കാം. കാര്യം സാധിച്ചിട്ട് തിരിച്ചു വരുന്പോഴാണ് ട്രെയിന്‍ മുന്നോട്ട് നീങ്ങുന്നത് കണ്ടത്. "അള്ളോ ട്രെയിന്‍ പോയല്ലോ" അയാള്‍ ഉറക്കെപ്പറഞ്ഞു കൊണ്ട് ഓടി നോക്കി. പക്ഷേ ട്രെയിനില്‍ കയറുവാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല. എന്നാല്‍ നെറ്റിയില്‍ ചന്ദനം പൂശിയ ഒരാള്‍ "അള്ളോ" എന്ന് ഉറക്കെ വിളിച്ചത് ചിലര്‍ക്ക് സംശയമുണ്ടായി. ഇവന്‍ ഏതോ തീവ്രവാദി വേഷം മാറി നടക്കുന്നതല്ലേയെന്ന് ചിലര്‍ ഉറക്കെത്തന്നെ ചിന്തിച്ചു. പെട്ടെന്ന് ആള്‍ക്കൂട്ടം അയാളെ വളഞ്ഞു. ചിലര്‍ പോലീസില്‍ അറിയിച്ചു. അപ്പോള്‍ ആ വഴി വാര്‍ത്ത വല്ലതുമുണ്ടോയെന്ന് നോക്കി നടന്ന ഒരു ചാനല്‍ പ്രതിനിധി സംഭവം കണ്ട് പാഞ്ഞെത്തി. ഏതാനും നിമിഷങ്ങള്‍ക്കകം മേല്‍ സംഭവം ചാനലിലൂടെ ആകാശത്തിലൂടെ ആളുകളുടെ വീടുകളിലെത്തി.
താന്‍ നിരപരാധിയാണെന്നും മുസ്ലിംകളുടെ ഇടയില്‍ ജീവിക്കുന്നയാളാണെന്നും മറ്റും അയാള്‍ ഉറക്കെ പറഞ്ഞിട്ടും ആരും അത് ചെവിക്കൊണ്ടില്ല. അവിടെയെത്തിയ പൊലീസിന് ജനം അയാളെ കൈമാറി. അപ്പോള്‍ ചാനലുകളില്‍ വിവിധ രാഷ്ട്രീയ സാസ്ക്കാരിക നായകന്‍മാര്‍ ഈ വിഷയം സംബന്ധമായി ചര്‍ച്ചകള്‍ നടത്തുകയായിരുന്നു. അയാളെ ജനക്കൂട്ടം തടഞ്ഞു വെച്ചതിന്‍റെയും പൊലീസില്‍ ഏല്‍പിക്കുന്നതിന്‍റെയും മറ്റും വിഷ്വലുകള്‍ മാറിമറിഞ്ഞു കൊണ്ടിരുന്നു.
രാത്രിയുടെ ഏതോ യാമത്തില്‍ നാട്ടില്‍ നിന്നും വന്നവര്‍ ഹാജരാക്കിയ തിരിച്ചറിയല്‍ രേഖകളുടെയും മറ്റും അടിസ്ഥാനത്തില്‍ അയാളെ സ്റ്റേഷനില്‍ നിന്നും മോചിപ്പിച്ചു. കൈവശം ഉണ്ടായിരുന്ന കുറച്ച് പണം നഷ്ടപ്പെട്ടതും മാനഹാനിയും തീവ്രവാദിയെന്ന പേരും മിച്ചം. അപ്പോഴും ചാനലില്‍ ചര്‍ച്ചകള്‍ അവസാനിച്ചിരുന്നില്ല.
പിന്നീടെപ്പഴോ സംഭവത്തിന്‍റെ സത്യാവസ്ഥ ചാനലിന്‍റെ ഓഫീസിലെത്തി. പിന്നീട് കുറേ സമയം കൂടിക്കഴിഞ്ഞാണ് മേല്‍ വാര്‍ത്ത അവര്‍ പിന്‍വലിച്ചത്. പക്ഷേ സംഭവത്തിന്‍റെ സത്യം എന്താണെന്ന് വെളിപ്പെടുത്തുവാന്‍ ഒരു ചാനലും തയ്യാറായില്ല. നാളെ മറ്റൊരു നിരപരാധി വീണ്ടും അവരുടെ വലയില്‍ വീഴാതിരിക്കില്ല.
പക്ഷേ അയാള്‍ മറ്റുപലരുടെയും ദൃഷ്ടിയില്‍ ഇപ്പോഴും തീവ്രവാദി തന്നെ.