2011 ഏപ്രിൽ 25, തിങ്കളാഴ്‌ച

മാരകവിഷം നമുക്ക് വേണ്ടി

ഇത് നമ്മുടെ കണ്ണ് തുറപ്പിക്കേണ്ട ചിത്രമായിരുന്നു. കാസര്‍കോഡ് കാറഡുക്ക പഞ്ചായത്തിലെ പത്ത് വയസ്സുകാരനായ അഭിലാഷ് ആണിത്. നമ്മുടെ മക്കള്‍ക്കോ സഹോദരനോ ഈ ഗതി വന്നിരുന്നെങ്കില്‍ എന്ന് നമ്മള്‍ ചിന്തിക്കാറുണ്ടോ? എന്തിലും ലാഭം മാത്രം കാണുന്ന അഭിനവ കോര്‍പ്പറേറ്റ് ലോകത്ത് ഈ ദുരിത ബാധിതരുടെ സ്ഥാനം ചവറ്റുകൊട്ടയില്‍. എന്‍ഡോസള്‍ഫാനെ സംരക്ഷിക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങളെ ജനകീയ വിചാരണക്ക് വിധേയമാക്കണം. ദൈവമേ സ്റ്റോക്ക് ഹോമില്‍ ഇത് നിരോധിക്കപ്പെടണേ.
കാസര്‍കോഡ് ജില്ലയിലെ മരിച്ചു ജീവിക്കുന്ന നൂറ് കണക്കിന് കുട്ടികളുടെ പ്രതിനിധിയാണ് അഭിലാഷ്. സുഖസൗകര്യങ്ങളുടെ ശീതളഛായയില്‍ വിരാജിക്കുന്ന ഭരണവര്‍ഗങ്ങള്‍ക്ക് ഇവരെ അറിയേണ്ടതുണ്ടോ.
തെളിവ് വേണം തെളിവ് വേണം എന്നാണ് കേന്ദ്രവും കൃഷി മന്ത്രിയും പറയുന്നത്. ഇതില്‍ കൂടുതല്‍ എന്ത് തെളിവാണ് വേണ്ടത്. രണ്ട് സംസ്ഥാനങ്ങളിലെ സംഭവങ്ങള്‍ പോര ഇനിയും കൂടുതല്‍ സംസ്ഥാനങ്ങളിലെ ആള്‍ക്കാര്‍ക്ക് ഇത് ബാധിക്കട്ടെ എന്നിട്ട് ആലോചിക്കാം എന്നാണ് പ്രഖ്യാപിത കേന്ദ്ര നിലപാട്. ഇപ്പോള്‍ ഇതിനെ പിന്തുണക്കുന്ന രീതിയിലുള്ള സംസ്ഥാന പ്രതിപക്ഷ നേതാവിന്‍റെ ഇന്നലത്തെ പ്രസ്താവന സംശയാസ്പദമാണ്.
എന്തായാലും എല്ലാവരും കൂടെ ചേര്‍ന്ന് പാവപ്പെട്ട ജനങ്ങളുടെ ആരോഗ്യത്തെ കവര്‍ന്നെടുക്കുകയാണ്. ചെഗല്‍ റെഢിയെ സമ്മതിക്കണം. അവന്‍റെ കൂടപ്പിറപ്പുകള്‍ക്ക് ഇതുപോലെ സംഭവിക്കട്ടെ, അന്നേരം കാണാം.

2011 മാർച്ച് 25, വെള്ളിയാഴ്‌ച

ജനാധിപത്യം

എന്തായിരുന്നു ജനാധിപത്യം എന്നത് കൊണ്ട് ഉദ്ദേശിച്ചിരുന്നത്. ജനങ്ങള്‍ക്ക് സര്‍വ്വാധിപത്യം എന്നായിരുന്നോ? പക്ഷേ എന്താണ് സംഭവിച്ചത് എന്നറിയില്ല. പഴയ രാജവാഴ്ചയും ഇന്നത്തെ ജനാധിപത്യവും തമ്മിലുള്ള വ്യത്യാസം കണ്ടു പിടിക്കുവാന്‍ വല്ല പ്രോജക്ടും ഇനി വരണം.
രാജവാഴ്ചയിലെ ഒരു പോരാഴ്ക എന്ന് പറയുന്നത് തന്നെ കുടുംബ വാഴ്ചയാണല്ലോ. ഇന്നത്തെ നമ്മുടെ ജനാധിപത്യത്തിന്‍ ഇതേ കുടുംബവാഴ്ച തന്നെയല്ലേ കാണുന്നത്. നേതാക്കന്മാര്‍ അവരുടെ മക്കളേയും മരുമക്കളേയും തങ്ങളുടെ സ്ഥാനത്തേക്ക് കുത്തിക്കയറ്റുന്ന ദയനീയ കാഴ്ചയാണെങ്ങും. ഇന്ത്യയില്‍ ഒരിടത്തും ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്‍റേയും വ്യത്യാസമില്ലാതെ ഇത് അഭംഗുരം നടക്കുന്നു. രാജവാഴ്ചയില്‍ ഒരു രാജാവിനേയും കുടുംബത്തേയും മാത്രം സഹിച്ചാല്‍ മതിയായിരുന്നു. പക്ഷേ ഇന്ന് നമ്മള്‍ എത്ര രാജാക്കന്മാരേയാണ് (സോറി മന്ത്രിമാരെ) സഹിക്കുന്നത്.

2011 മാർച്ച് 9, ബുധനാഴ്‌ച

മുല്ലപ്പെരിയാറും ചില സ്വപ്നങ്ങളും

മുല്ലപ്പെരിയാറില്‍ ഒരു ഡാമുണ്ടെന്നത് സത്യം. പക്ഷേ ആ സത്യം എന്നത് എപ്പോള്‍ വേണമെങ്കിലും മിഥ്യയായേക്കാം. കാരണം 115 വര്‍ഷങ്ങള്‍ക്ക് മുംപ് സുര്‍ക്കയും ചുണ്ണാംപും ചേര്‍ത്ത് പണിത ഡാം, പണിയിപ്പിച്ച എഞ്ചിനീയര്‍ കൊടുത്ത ആയുസ്സ് 50 വര്‍ഷം. ദൈവത്തിന്‍റെ അനുഗ്രഹം കൊണ്ട് ഇപ്പോഴും തകരാതെ നില്‍ക്കുന്നു. ഏത് നിമിഷവും അനുഗ്രഹം പിന്‍വലിച്ചേക്കാം.
അങ്ങിനെ സംഭവിക്കുംപോള്‍ സമീപ 4 ജില്ലകളിലെ 40 ലക്ഷം ജനങ്ങള്‍ അതിന്‍റെ തിക്ത ഫലം അനുഭവിക്കണം. ചിലപ്പോള്‍ പട്ടണങ്ങള്‍ വരെ ജലം എടുത്തുകൊണ്ട് പോയേക്കാം. ഇതിനെതിരേ രാഷ്ട്രീയമില്ലാതെ നാം പ്രതികരിക്കാന്‍ തയ്യാറാകണം.  ഒരു സമര സമിതി കഴിഞ്ഞ 5 വര്‍ഷമായി സമരം ചെയ്യുന്നു. ഞാനും ഒരു ദിവസം ഉപവാസ സമരത്തിനായി അവിടെ പോയി. 

2011 ജനുവരി 8, ശനിയാഴ്‌ച

കയറട്ടങ്ങനെ കയറട്ടെ

കയറ്റം കയറുന്ന കാര്യമല്ല. നമ്മുടെ നിത്യ ജീവിതത്തിന്‍റെ കാര്യമാണ്. ഇങ്ങനെ സാധന വിലകള്‍ കയറിയാല്‍ എന്തായിത്തീരും ജീവിതം. സര്‍ക്കാര്‍ ജോലിക്കാര്‍ രക്ഷപെട്ടു. അവരുടെ ശംപളം വന്‍തോതില്‍ കൂടാന്‍ പോകുന്നു. സാധാരണക്കാരന്‍ എന്തു ചെയ്യും. ഇങ്ങനെ പോയാല്‍ നാട്ടില്‍ അരാജകത്വം നടമാടുമല്ലോ. ഉള്ളിക്ക് വില കൂടിയ കാരണത്താല്‍ ഒരു സംസ്ഥാനത്തിലെ ഭരണം പോയ നാടാണ് ഇന്ത്യയെന്ന് രാഷ്ട്രീയക്കാര്‍ മനസിലാക്കേണ്ടതാണ്.