2010 ഡിസംബർ 11, ശനിയാഴ്‌ച

വാഗമണും പിന്നെ ഞാനും

ഇത്രയും അടുത്ത് ഇതുപോലെ മനോഹരമായ ഒരു സ്ഥലമുണ്ടായിട്ടും ഇന്നു വരെ പോകാന്‍ സാധിക്കാഞ്ഞത് മണ്ടത്തരമായിപ്പോയി എന്ന് ഇന്ന് മനസിലായി. കാരണം ഇന്നാണ് ഞാന്‍ വാഗമണില്‍ പോയത്. പ്രകൃതി സൗന്ദര്യം വഴിഞ്ഞൊഴുകുന്ന മനോഹരമായ ഒരു പോയിന്‍റാണ് വാഗമണ്‍ എന്നതില്‍ തര്‍ക്കമില്ല. പ്രിയരേ, നിങ്ങളില്‍ പോകാത്തവര്‍ ഇവിടെയൊന്ന് പോകണം. എങ്കില്‍ മാത്രമേ ആ സൗന്ദര്യം നിങ്ങള്‍ക്ക് മനസിലാകത്തുള്ളൂ.
മനോഹരിത എന്ന് പറഞ്ഞാല്‍ തീര്‍ച്ചയായും അത് കലര്‍പ്പില്ലാത്ത പ്രകൃതി സൗന്ദര്യം ആകണം. ആയത് ധാരാളമായി അനുഗ്രഹിച്ച ഒരു സ്ഥലമാണിവിടം എന്നതാണ് സത്യം. പൈന്‍ മരത്തോട്ടവും, അള്ളാപ്പാറയും, ആത്മഹത്യാ മുനന്പും ഇവിടത്തെ സൗന്ദര്യദായകങ്ങളാണ്. ഒന്ന് പോയാല്‍ വീണ്ടും പോകാന്‍ തോന്നും.
ഈ പാറയുടെ മുകളില്‍ കയറാന്‍ ആര്‍ക്കാണ് തോന്നാതിരിക്കുക. സൂയിസൈഡ് പോയന്‍റിലേക്ക് പോകുന്ന വഴിയിലുള്ള മൊട്ടക്കുന്നുകളാണിവ. ഇതിന്‍റെ മുകളില്‍ കയറിയിറങ്ങി വരുന്പോള്‍ കൊളസ്ട്രോള്‍ കുറയുമെന്നുള്ള കാര്യത്തില്‍ സംശയമില്ല. ഉച്ച കഴിഞ്ഞപ്പോള്‍ നല്ല മഴ. സ്വാഭാവികമായി ഉണ്ടായിരുന്ന തണുപ്പിന് അപ്പോള്‍ ശക്തി കൂടി. പെട്ടെന്ന് കോടമഞ്ഞിന്‍റെ ആക്രമണം കൂടാന്‍ തുടങ്ങി. തൊട്ടു മുന്നില്‍ നില്‍ക്കുന്ന ആളെപോലും കാണാന്‍ പറ്റാതാകുന്ന അവസ്ഥ സംജാതമായി. മലയിറങ്ങിയത് രണ്ടും കല്പിച്ചാണ്. കാരണം എതിരേ വരുന്ന വാഹനങ്ങളെ കാണാന്‍ സാധിക്കണമല്ലോ. തീക്കോയി എത്തിയപ്പഴല്ലേ അത്ഭുതം. മഴയുമില്ല മഞ്ഞുമില്ല. നന്നായി ചൂടെടുക്കുവാനും തുടങ്ങി. അപ്പോഴാണ് വാഗമണ്‍ കുന്നുകളില്‍ നിന്നും ഇറങ്ങി വന്നതിന്‍റെ ന്ഷ്ട ബോധം തോന്നിയത്.
തൊട്ടടുത്തുള്ള ടൂറിസ്റ്റ് പ്രദേശങ്ങള്‍ അവഗണിച്ച് ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും പോകുന്ന നമ്മള്‍ സത്യത്തില്‍ മണ്ടന്‍മാര്‍ തന്നെ.

2010 ഡിസംബർ 9, വ്യാഴാഴ്‌ച

സ്ഫോടനങ്ങള്‍

രാജ്യത്തെ നടുക്കുന്ന കുംഭകോണങ്ങള്‍ പുറത്ത് വരുന്പോള്‍ എവിടെയെങ്കിലും ബോംബ് പൊട്ടുന്ന ആ പതിവ് ഇത്തവണയും തെറ്റിയില്ല. സ്പെക്ട്രം അഴിമതി മുഖ്യധാരാ രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ അടപ്പൂരും എന്ന ഘട്ടം വന്നപ്പോള്‍ ഇതാ വാരണാസിയില്‍ ബോംബ് സ്ഫോടനം. പതിവു പോലെ അപ്പോള്‍ തന്നെ ഇന്ത്യന്‍ മുജാഹിദീന്‍ ഏറ്റെടുത്തു. മാധ്യമങ്ങള്‍ക്ക് അവര്‍ മെയിലയച്ചു. മെയിലിന്‍റെ ഉറവിടം തേടിച്ചെന്ന പൊലീസിന് ഉദ്ദേശിച്ച സമുദായക്കാരെ കാണാന്‍ കഴിഞ്ഞില്ല. അപ്പോള്‍ കണ്ടെത്തിയവര്‍ നിരപരാധികളായി. അവരുടെ വൈഫൈ കണക്ഷന്‍ ഹാക്ക് ചെയ്ത് മെയില്‍ അയച്ചതാണത്രെ. പൊലീസ് കുറ്റവാളികളെക്കുറിച്ച് മാധ്യമങ്ങള്‍ക്ക് വാര്‍ത്ത കൊടുത്തു. ഏതോ രണ്ട് കൊടും ഭീകരര്‍. പറഞ്ഞ് വന്നപ്പോള്‍ അവര്‍ രണ്ടുപേരും മുന്പ് നടന്ന എല്ലാ സ്ഫോടനങ്ങളുടെയും പുറകിലുണ്ട്. ബട്‍ല ഹൗസ് ഏറ്റുമുട്ടലിലും അവരുണ്ടത്രെ.
ആ നടക്കട്ടെ പുകിലുകള്‍. എന്തും വെള്ളം തൊടാതെ വിഴുങ്ങുന്ന ഒരു സമൂഹമുണ്ടെങ്കില്‍ ആടിനെ പട്ടിയാക്കാം. മെയില്‍ അയച്ചവരെക്കുറിച്ച് ഒന്നും അന്വേഷിക്കുന്നില്ലേ? പ്രത്യേക സമുദായക്കാരാണെങ്കില്‍ വൈഫൈ നുഴഞ്ഞു കേറ്റം കെട്ടുകഥയാകുമായിരുന്നു. പാവങ്ങള്‍ ജാമ്യം കിട്ടാതെ ഉഴറിയേനെ. മുന്പ് ഒരു മെയില്‍ അയച്ച കെന്നത്ത് വുഡ് എന്നൊരാളെ ഇന്‍റലിജന്‍സ് രാക്കുരാമാനം രക്ഷപെടുത്തിയ സംഭവം ഓര്‍ക്കുക. ആയതില്‍ പരേതനായ ഹേമന്ദ് കര്‍ക്കരെയുടെ അഭിപ്രായം ഓര്‍ക്കുക.
ഓര്‍ക്കാന്‍ ഇവിടെ ആര്‍ക്കു നേരം അല്ലേ. ഓര്‍മ്മകളുണ്ടായിരുന്നെങ്കില്‍ ഈ രാജ്യത്തിന് ഈ ഗതി വരുമായിരുന്നോ.