2009 ഡിസംബർ 9, ബുധനാഴ്‌ച

തീവ്രവാദികള്‍ ഉണ്ടാകുന്നത്

വളരെ തിരക്കേറിയ ഒരു ട്രെയിനിലായിരുന്നു അവന്‍ യാത്ര ചെയ്തിരുന്നത്. കയറി അല്‍പനേരം കഴിഞ്ഞപ്പോള്‍ മൂത്ര ശങ്ക അനുഭവപ്പെട്ടതാണ്. എന്നാല്‍ കാലു കുത്താന്‍ പോലും സ്ഥലമില്ലാത്ത ട്രയിനില്‍ എന്തു ചെയ്യാന്‍. കെ എന്ന പട്ടണത്തില്‍ ഒരു സുഹൃത്തിനെ കാണുവാന്‍ പോയി മടങ്ങിയതാണ്. മുണ്ടും ഷര്‍ട്ടും ആണ് വേഷം. പട്ടണത്തില്‍ വെച്ച് പ്രശസ്തമായ അന്പലത്തില്‍ കയറി തൊഴുകയും ചെയ്തു. ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു അത്. അവിടെ നിന്നും കിട്ടിയ പ്രസാദം നെറ്റിയില്‍ തേച്ചിട്ടുമുണ്ട്.
പെട്ടെന്ന് ട്രെയിന്‍ പരിചയമില്ലാത്ത ഒരു സ്റ്റേഷനില്‍ നിര്‍ത്തി. "ക്രോസിങ്ങാണ്" ആരോ പറഞ്ഞു. അടക്കി വെച്ച മൂത്രശങ്ക അണപൊട്ടുന്നതു പോലത്തെ ഒരു പ്രതീതി ഉണ്ടായതു കൊണ്ട് അയാള്‍ പെട്ടെന്ന് പുറത്തിറങ്ങി. ട്രെയിന്‍ പോകും മുന്പ് കാര്യം സാധിക്കാം. കാര്യം സാധിച്ചിട്ട് തിരിച്ചു വരുന്പോഴാണ് ട്രെയിന്‍ മുന്നോട്ട് നീങ്ങുന്നത് കണ്ടത്. "അള്ളോ ട്രെയിന്‍ പോയല്ലോ" അയാള്‍ ഉറക്കെപ്പറഞ്ഞു കൊണ്ട് ഓടി നോക്കി. പക്ഷേ ട്രെയിനില്‍ കയറുവാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല. എന്നാല്‍ നെറ്റിയില്‍ ചന്ദനം പൂശിയ ഒരാള്‍ "അള്ളോ" എന്ന് ഉറക്കെ വിളിച്ചത് ചിലര്‍ക്ക് സംശയമുണ്ടായി. ഇവന്‍ ഏതോ തീവ്രവാദി വേഷം മാറി നടക്കുന്നതല്ലേയെന്ന് ചിലര്‍ ഉറക്കെത്തന്നെ ചിന്തിച്ചു. പെട്ടെന്ന് ആള്‍ക്കൂട്ടം അയാളെ വളഞ്ഞു. ചിലര്‍ പോലീസില്‍ അറിയിച്ചു. അപ്പോള്‍ ആ വഴി വാര്‍ത്ത വല്ലതുമുണ്ടോയെന്ന് നോക്കി നടന്ന ഒരു ചാനല്‍ പ്രതിനിധി സംഭവം കണ്ട് പാഞ്ഞെത്തി. ഏതാനും നിമിഷങ്ങള്‍ക്കകം മേല്‍ സംഭവം ചാനലിലൂടെ ആകാശത്തിലൂടെ ആളുകളുടെ വീടുകളിലെത്തി.
താന്‍ നിരപരാധിയാണെന്നും മുസ്ലിംകളുടെ ഇടയില്‍ ജീവിക്കുന്നയാളാണെന്നും മറ്റും അയാള്‍ ഉറക്കെ പറഞ്ഞിട്ടും ആരും അത് ചെവിക്കൊണ്ടില്ല. അവിടെയെത്തിയ പൊലീസിന് ജനം അയാളെ കൈമാറി. അപ്പോള്‍ ചാനലുകളില്‍ വിവിധ രാഷ്ട്രീയ സാസ്ക്കാരിക നായകന്‍മാര്‍ ഈ വിഷയം സംബന്ധമായി ചര്‍ച്ചകള്‍ നടത്തുകയായിരുന്നു. അയാളെ ജനക്കൂട്ടം തടഞ്ഞു വെച്ചതിന്‍റെയും പൊലീസില്‍ ഏല്‍പിക്കുന്നതിന്‍റെയും മറ്റും വിഷ്വലുകള്‍ മാറിമറിഞ്ഞു കൊണ്ടിരുന്നു.
രാത്രിയുടെ ഏതോ യാമത്തില്‍ നാട്ടില്‍ നിന്നും വന്നവര്‍ ഹാജരാക്കിയ തിരിച്ചറിയല്‍ രേഖകളുടെയും മറ്റും അടിസ്ഥാനത്തില്‍ അയാളെ സ്റ്റേഷനില്‍ നിന്നും മോചിപ്പിച്ചു. കൈവശം ഉണ്ടായിരുന്ന കുറച്ച് പണം നഷ്ടപ്പെട്ടതും മാനഹാനിയും തീവ്രവാദിയെന്ന പേരും മിച്ചം. അപ്പോഴും ചാനലില്‍ ചര്‍ച്ചകള്‍ അവസാനിച്ചിരുന്നില്ല.
പിന്നീടെപ്പഴോ സംഭവത്തിന്‍റെ സത്യാവസ്ഥ ചാനലിന്‍റെ ഓഫീസിലെത്തി. പിന്നീട് കുറേ സമയം കൂടിക്കഴിഞ്ഞാണ് മേല്‍ വാര്‍ത്ത അവര്‍ പിന്‍വലിച്ചത്. പക്ഷേ സംഭവത്തിന്‍റെ സത്യം എന്താണെന്ന് വെളിപ്പെടുത്തുവാന്‍ ഒരു ചാനലും തയ്യാറായില്ല. നാളെ മറ്റൊരു നിരപരാധി വീണ്ടും അവരുടെ വലയില്‍ വീഴാതിരിക്കില്ല.
പക്ഷേ അയാള്‍ മറ്റുപലരുടെയും ദൃഷ്ടിയില്‍ ഇപ്പോഴും തീവ്രവാദി തന്നെ.

1 അഭിപ്രായം: