ഓരോ കാലങ്ങളിലും ഓരോ യുഗങ്ങളിലും അവതാരങ്ങള്‍ പിറക്കാറുണ്ട്. ഇതാ ഈ യുഗത്തിലെ പുതിയ അവതാരം. ഈ അവതാരം കുറച്ചു കൂടി ശക്തയാണ്. ഫാരിസ് അബൂഹക്കറിനെ പോലെയോ സാന്‍റിയാഗോ മാര്‍ട്ടിനെപ്പോലെയോ അല്ല. ഇത് അവതരിച്ചിരിക്കുന്നത് സാക്ഷാല്‍ കേന്ദ്രത്തിലാണ്. കേന്ദ്രത്തിലെ എല്ലാ അവതാരങ്ങളെക്കാളും ശക്തമാണ് ഈ അവതാരം. നരസിംഹത്തില്‍ പറയും പോലെ എല്ലാ അവതാരങ്ങളുടെയും ശക്തി ഒന്നിച്ചാവാഹിച്ചതാണ് ഇത്.
ഇന്ദ്രപ്രസ്ഥത്തില്‍ സാക്ഷാല്‍ സോണിയയെക്കാളും ശക്ത ഇവരാണത്രേ. ഫോബ്സ് മാസിക ശക്തരായ വനിതകളെ തിരഞ്ഞെടുത്തപ്പോള്‍ ഇവരെ തഴഞ്ഞത് കഷ്ടമായിപ്പോയി എന്നാണ് എന്‍റെ പക്ഷം. സാരമില്ല ഇനിയും വരുമല്ലോ അവസരം.
അഴിമതിയുടെ കണക്കുകള്‍ കേള്‍ക്കുന്പോള്‍ നമുക്ക് എന്താണ് തല ചുറ്റാത്തത് എന്നാണ് എന്‍റെ ചോദ്യം. വെറുതേ ഒന്ന് സങ്കല്‍പ്പിക്കുവാന്‍ നോക്കി. എത്ര വരും പതിനേഴായിരം കോടി. ഞാന്‍ വിചാരിച്ചത് ഒരു മുറിയില്‍ ഒതുങ്ങും എന്നായിരുന്നു. സാധിക്കില്ല എന്നതാണ് സത്യം. ഒരു വലിയ കണ്ടയ്നറിനകത്ത് ആയിരത്തിന്‍റെ നോട്ടുകള്‍ നിറച്ചാലും പിന്നെയും മിച്ചം കാണുമത്രെ. രാജ്യത്തിന്‍റെ മൊത്തം കടം തീര്‍ക്കാന്‍ ഇത് മതിയായിരുന്നു. പക്ഷേ ഈ നശിച്ച രാഷ്ട്രീയം ഇതൊന്നു സമ്മതിക്കണ്ടേ. രാജ്യത്തെ വിറ്റിട്ടാണെങ്കിലും ഇവന്‍മാര്‍ക്കൊക്കെ സുഖിച്ചാല്‍ മതി. ഇക്കാര്യത്തില്‍ നമ്മുടെ രാജ്യ സ്നേഹി പാര്‍ട്ടിയും മോശമല്ല എന്നാണ് അറിയുവാന്‍ സാധിച്ചത്. അവരുടെ വികസനത്തിന്‍റെ ആചാര്യനായ ഒരു മോഡിയുടെ കൈകളും ഇതില്‍ ഉണ്ടെന്നാണ് കേള്‍ക്കുന്നത്. ആയമ്മയെ സമ്മതിക്കണം, നമ്മുടെ നീരചേച്ചിയെ ആണുദ്ദേശിച്ചത്. ഷാജി കൈലാസിന്‍റെ സിനിമകളില്‍ ചില മേഡങ്ങളെ അവതരിപ്പിക്കുന്പോള്‍ ഇച്ചിരി കടന്നു പോയില്ലേയെന്ന് ആശങ്കിക്കാറുണ്ടായിരുന്നു. എന്നാല്‍ ഈ ചേച്ചിയെക്കുറിച്ച് വായിച്ചു തുടങ്ങിയപ്പോള്‍ അതൊന്നും ഒന്നുമല്ല എന്ന് മനസിലായി.
എന്നാലും ഇതിനുമ്മാത്രം കോടികള്‍ ഈ വന്പന്‍ കോര്‍പ്പറേറ്റന്മാര്‍ ആര്‍ക്കു വേണ്ടിയാണോ ഉണ്ടാക്കി കൂട്ടുന്നത്. ഇവനൊക്കെ വയര്‍ നിറഞ്ഞാല്‍ പിന്നെ ഭക്ഷിക്കുവാന്‍ സാധിക്കുമോ. കട്ടിലിന് എത്ര വലിപ്പം കൂട്ടിയാലും ഉറങ്ങുന്നത് ഒരല്പം സ്ഥലത്തല്ലേ സാധിക്കുക. മരിച്ചാല്‍ ആറടി മണ്ണല്ലേ വേണ്ടൂ. പിന്നെയും ആര്‍ക്കു വേണ്ടിയാണോ ഈ തത്രപ്പാട്.
എനിക്കറിയാവുന്ന ഒരാള്‍ കഴിഞ്ഞ ദിവസം ഗള്‍ഫില്‍ വെച്ച് ഒരു ആക്സിഡന്‍റില്‍ മരിച്ചു. അവന്‍ 45 ലക്ഷം രൂപാ ചിലവ് ചെയ്ത് ഒരു വീട് പണിയിച്ചു. ഈ വരുന്ന രണ്ടാം തീയതി കയറിത്താമസിക്കാന്‍ തീരുമാനിച്ചു. പക്ഷേ എന്തായി വിധി. അതി ദാരുണമായി ടിയാന്‍ റോഡാക്സിഡന്‍റില്‍ കൊല്ലപ്പെടുന്നു. മനുഷ്യന്‍ എന്തിനെല്ലാം വേണ്ടി ഓടിയാലും ദൈവം വിധി തന്നില്ലെങ്കില്‍ ആ ഓട്ടം കൊണ്ട് എന്ത് നേട്ടം.
ഇത് വായിക്കുന്ന പ്രിയരേ ധനം കുന്നുകൂട്ടുന്നതില്‍ യാതൊരു അര്‍ത്ഥവും ഇല്ല. അത് അല്‍പമെങ്കിലും സഹജീവികള്‍ക്കായി ചിലവഴിക്കുന്നതില്‍ ആനന്ദം കണ്ടെത്തുക. നമ്മുടെ ജീവിതത്തില്‍ അതൊരു സന്ദോഷമാകും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ